നിങ്ങൾ ഭാഗ്യവാനാണോ?
നിങ്ങൾ ഭാഗ്യവാനാണോയെന്ന ചോദ്യം ചോദിച്ചാൽ ഭൂരിഭാഗം ആളുകൾ പറയുന്നത് ഭാഗ്യവാന്മാരല്ലായെന്നാണ്. ആ ഉത്തരത്തിന് വിശദീകരണമായി പലർക്കും പല കാരണങ്ങളുണ്ടാവാം. ജീവിതത്തിൽ നടന്നിട്ടുള്ള പല നഷ്ടങ്ങളുടെയും സങ്കടങ്ങളുടെയും ഒരു വലിയ ലിസ്‌റ്റ് അവർക്കുണ്ടാവും. ഒരാൾ ജീവിതത്തിലെ സങ്കടപ്പെടാനുള്ള കാരണങ്ങളും സന്തോഷിക്കാനുള്ള കാരണങ്ങളും ഒരു ത്രാസിൽ അളന്ന് നോക്കിയാൽ തീർച്ചയായും സന്തോഷപ്പെടാനുള്ള കാര്യങ്ങളാണ് മുന്നിട്ട് നിൽക്കുക. എന്നിട്ടും എന്ത് കൊണ്ടാണ് പലരും സങ്കടപ്പെട്ട് കൊണ്ട് ജീവിതം തള്ളി നീക്കുന്നത്.
അതിനുള്ള ഉത്തരം നിങ്ങളുടെ അടുത്ത് തന്നെയുണ്ട്. മൊബൈൽ ഫോൺ. ചെറിയ കുട്ടികളുടെ കയ്യിലടക്കം ഇന്ന് മൊബൈൽ ഫോണുണ്ട്. ലോക്ക് ഡൗണിൽ മൊബൈൽ ഫോണിന്റെ ഉപയോഗം എല്ലാവരിലും കൂടിവരികയാണ്. ഫേസ് ബുക്ക്, വാട്ട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിങ്ങനെയുള്ള പല ആപ്പുകൾ വഴി എല്ലാവരും അവരുടെ സന്തോഷകരമായ ജീവിതം മറ്റുള്ളവരുമായി പങ്കിടുന്നു. കഴിക്കുന്ന ഭക്ഷണങ്ങൾ, വാങ്ങിയ ഡ്രസ്സുകൾ, സന്ദർശിക്കുന്ന സ്ഥലങ്ങൾ എന്നിങ്ങനെ ജീവിതത്തിൽ നടക്കുന്ന എല്ലാ നിമിഷങ്ങളെയും എല്ലാവരെയും അറിയിച്ച് കൊണ്ട് ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രൻഡ്. ഇങ്ങനെ മറ്റുള്ളവരുടെ വിവരങ്ങളും ഫോട്ടോസും കണ്ട് തനിക്ക് അവരുടെ പോലെ ജീവിതത്തിൽ സന്തോഷവും സൗഭാഗ്യമൊന്നുമില്ലല്ലോയെന്ന് ആലോചിച്ച് വിഷമിക്കുന്നവരാണ് പലരും. സങ്കടങ്ങളും പ്രാരാപ്തങ്ങളും മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കുന്നവർ വളരെ ചുരുക്കമാണ്. അത് കൊണ്ട് തന്നെ സ്റ്റാറ്റസ്സുകളിലും മറ്റും ഭൂരിഭാഗം ആളുകളും സന്തോഷമുളളവരായും കാണപ്പെടുന്നു. ആ സ്റ്റാറ്റസുകളെല്ലാം കണ്ട് അവരുടെയെല്ലാം ജീവിതത്തിൽ സന്തോഷം മാത്രമാണുള്ളതെന്ന് പലരും തെറ്റിദ്ധരിക്കുന്നു. സ്വന്തം ജീവിതത്തിൽ മാത്രമേ സങ്കടങ്ങൾ ഉള്ളതെന്ന് വിചാരിക്കുന്നു.
ചിലർ സ്റ്റാറ്റസ്സുകളും മറ്റും കണ്ട് അവരെ പോലെ അനുകരിച്ച് കഷ്ടപ്പെടുന്നു. ചുറ്റുമുള്ള സന്തോഷത്തെ കാണാതെ അവരുടെ പ്രഹസനത്തിലും കാപട്യം കലർന്ന സന്തോഷവും കണ്ട് സങ്കടപ്പെടുന്നു. മറ്റുള്ളവരിലെ ജീവിതവും സൗഭാഗ്യവും നോക്കി സങ്കടപ്പെട്ട് സ്വന്തം സന്തോഷം കൈവിട്ട് പോകാതെ നോക്കുക. ഓരോ മനുഷ്യന്റെയും ചുറ്റും സന്തോഷിക്കാൻ നിരവധി കാരണങ്ങളും സങ്കടപ്പെടാൻ ചുരുക്കം കാരണങ്ങളുമുണ്ട്. മറ്റുള്ളവരുടെ സന്തോഷത്തെ അനുകരിച്ച് കഷ്ടപ്പെടാതെ ചുറ്റുമുള്ള സന്തോഷം കണ്ടെത്താൻ ശ്രമിക്കുക.