പരാജയമാണ് വിജയം
ജയിക്കാൻ ഇഷ്ടമുള്ളരാണ് എല്ലാവരും. പരാജയത്തെ എല്ലാവർക്കും പേടിയാണ്. പരീക്ഷയിൽ തോറ്റാലും മത്സരത്തിൽ തോറ്റാലും ഇന്റർവ്യുയിൽ തിരഞ്ഞെടുത്തില്ലെങ്കിലും എല്ലാം മാനസികമായി തളരുന്നവർ നിരവധിയാണ്. ഒരു തോൽവിയുടെ പേടിയിൽ വീണ്ടും ഇന്റർവ്യൂവും പരീക്ഷയെയും മത്സത്തെയുമെല്ലാം നേരിടാൻ മടിക്കുന്നവരുമുണ്ട്. എന്ത് കൊണ്ടാണ് പരാജയത്തെ ഭയക്കുന്നത്? മത്സരത്തിൽ ഒരാൾ മാത്രമേ വിജയിക്കുകയുള്ളൂ എന്നറിഞ്ഞിട്ടും പരാജയപ്പെട്ടാൽ മാനസികമായി തളരുന്നത് എന്ത് കൊണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ?
മാതാപിതാക്കൾ കുട്ടികളുടെ സ്വഭാവത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. സ്വന്തം മക്കൾ ഉന്നതയിൽ എത്തണമെന്നും എല്ലാത്തിനും വിജയിക്കണമെന്നുമാണ് അവരുടെ ആഗ്രഹം. ഈ ആഗ്രഹത്തിന്റെ പേരിൽ മക്കളുടെ മേൽ സമ്മർദ്ധം കൊടുക്കുന്ന മാതാപിതാക്കൾ വിരളമല്ല. എല്ലാ കുട്ടികളേക്കാൾ സ്വന്തം മക്കളെ ഉന്നതിയിൽ എത്തിക്കാൻ മാതാപിതാക്കൾ തമ്മിൽ ഒരു മത്സരമുണ്ടെന്ന് തന്നെ പറയാം. മാതാപിതാക്കളുടെ ഈ മത്സരം എങ്ങനെ മക്കളെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
വിജയിക്കാത്തവർ എവിടെയും എത്തില്ലായെന്നും തോൽവി മഹാനാണക്കേടാണെന്നുമാണ് മാതാപിതാക്കളുടെ മത്സരത്തിൽ നിന്ന് കുട്ടികൾ മനസ്സിലാക്കുന്നത്. എല്ലായിടത്തും ജയിക്കണമെന്ന ധാരണ കുട്ടികളിൽ മാതാപിതാക്കൾ ഉണ്ടാക്കി കൊടുക്കുന്നു. ചെറുപ്പം മുതൽ കുട്ടികളുടെ മനസ്സിൽ പതിയുന്നത് വിജയമാണ് ജീവിതമെന്നാണ്. വിജയത്തെപ്പറ്റിയുള്ള ഇങ്ങനെയുള്ള ധാരണകൾ കാരണം ഒരു ചെറിയ പരാജയം പോലും കുട്ടികൾക്ക് താങ്ങാൻ കഴിയുകയില്ല. അത് അവരെ മാനസികമായി തളർത്തുകയും ചിലർ ആത്മഹത്യയുടെ വക്കിൽ എത്തുകയും ചെയ്യുന്നു.
ഒന്നാലോചിച്ച് നോക്കിയാൽ പരാജയമാണ് വിജത്തിനേക്കൾ നല്ലത്. പരാജയങ്ങൾ കുറെ പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട്. ഒരു കാര്യത്തിൽ പരാജയപ്പെട്ടാൽ പരാജയപ്പെട്ട കാര്യത്തിൽ കൂടുതൽ പഠിക്കാനുണ്ടെന്നും അതിനു വേണ്ടി പ്രയത്നിക്കാനുണ്ടെന്നും മനസ്സിലാക്കാം. നിരവധി പരാജയങ്ങൾക്ക് ശേഷമാണ് വിജയിക്കുന്നതെങ്കിൽ അയാൾ പരാജയങ്ങളെ പേടിക്കുകയില്ല. ഏത് സാഹചര്യത്തിലും തളരാതെ പിടിച്ച് നിൽക്കാനുള്ള മനകരുത്ത് അവർ പരാജയത്തിലൂടെ നേടിയെടുക്കും. ചിലപ്പോൾ മറ്റുള്ളവരിൽ നിന്ന് പരിഹാസങ്ങൾ പരാജയപ്പെട്ടവർക്ക് ഏറ്റുവാങ്ങേണ്ടി വരും. ഈ പരിഹാസങ്ങൾ അനവധി തവണ പരാജയപ്പെട്ടവർക്ക് തരണം ചെയ്യാൻ എളുപ്പമായിരിക്കും.
എന്നാൽ വിജയം മാത്രം അനുഭവിച്ചവരെ പരിഹാസം തളർത്തി കളയും. അതിൽ നിന്ന് അതിജീവിക്കാൻ അവർ മാനസികമായി ധാരാളം കഷ്ടപ്പെടുന്നു. പരാജയം ധാരാളം അനുഭവങ്ങൾ സമ്മാനിക്കുന്നു. പരാജയപ്പെടുന്ന നിമിഷത്തിൽ തളരുമെങ്കിലും ഭാവിയിൽ മനകരുത്ത് മെച്ചപ്പെടുത്താൻ പരാജയം സഹായിക്കും. ജീവിതത്തിൽ സന്തോഷവും സങ്കടവും ഉണ്ടാവുന്ന പോലെ തോൽവിയും വിജയവും ഉണ്ടാവുമെന്ന് ഒരോരുത്തരും മനസ്സിലാക്കണം. പരാജയം ജീവിതത്തിൽ സർവ്വസാധാരണമാണെന്നും പരാജയത്തിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിക്കാനുണ്ടെന്നും കുട്ടികളെ പറഞ്ഞ് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.