പ്രതീക്ഷയും ജീവിതവും
ഒരാളുടെ ജനനം മുതൽ മരണം വരെ പ്രതീക്ഷയിലൂടെയാണ് കടന്ന് പോകുന്നത്. ഇഷ്ടപ്പെട്ട കളിപ്പാട്ടം നാളെ വാങ്ങി തരാമെന്ന് കുട്ടിയോട് അച്ഛൻ പറയുന്നത് കുട്ടിയുടെ മനസ്സിൽ പ്രതീക്ഷ ഉണ്ടാക്കുകയാണ്. പരീക്ഷയിൽ മാർക്ക് കുറയുമ്പോൾ സാരമില്ല അടുത്ത പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിച്ചാൽ മതിയെന്ന് അമ്മ ആശ്വസിപ്പിക്കുന്നതും ഒരു പ്രതീക്ഷയാണ്. എന്റെ സ്‌നേഹം എന്നേങ്കിലും അവൾ മനസ്സിലാക്കുമെന്നതും ഒരു കാമുകന്റെ പ്രതീക്ഷയാണ്.
പരാജയങ്ങളുടെ മുൾമുനയിൽ നിൽക്കുമ്പോഴും ആത്മഹത്യയുടെ വക്കിലെത്തുമ്പോഴും നാളെയെല്ലാം ശരിയാവുമെന്ന വിശ്വാസത്തിലാണ് പലരും ജീവിതം നയിക്കുന്നത്. കടം വാങ്ങിയിട്ട് നാളെ തിരിച്ച് നൽകാമെന്ന് പറയുന്നതും ഒരു പ്രതീക്ഷ തന്നെ. ഭൂരിഭാഗം ദാമ്പത്യ ജീവിതം വേർപിരിയലിൽ അവസാനിക്കാത്തതും നാളെയെല്ലാം ശരിയാവുമെന്ന പ്രതീക്ഷയിലാണ്. മക്കൾ മികച്ച രീതിയിൽ എത്തുമെന്ന പ്രതീക്ഷയിലാണ് അവർക്ക് വേണ്ടതെല്ലാം മാതാപിതാക്കൾ ചെയ്ത് കൊണ്ടുക്കുന്നത്. വാർദ്ധക്യത്തിൽ മക്കൾ നോക്കുമെന്ന പ്രതീക്ഷയിൽ മാതാപിതാക്കൾ ജീവിക്കുന്നു. ചെറിയ കുട്ടി മുതൽ പ്രായമായവർ വരെ പ്രതീക്ഷയിലാണ് ജീവിതം നയിക്കുന്നതെന്ന് ഇതിൽ നിന്നെല്ലാം വ്യക്തം.
അത്ഭുതകരവും വിചിത്രവുമായ ഒരു കാര്യമാണ് പ്രതീക്ഷ. പലർക്കും പല കാര്യങ്ങളുണ്ട് ജീവിതം അവസാനിപ്പിക്കാൻ. എന്നാൽ ജീവിക്കാൻ പ്രതീക്ഷ മാത്രം മതി. പലവട്ടം പരാജയപ്പെട്ടിട്ടും പതറാതെ വിജയം നേടിയ നിരവധി പേരുണ്ട്. അവരുടെ മനസ്സിൽ ഉണ്ടായിരുന്നത് പ്രതീക്ഷയാണ്. നാളെ ഞാൻ വിജയത്തിലെത്തുമെന്ന പ്രതീക്ഷ അവരെ വിജയത്തിലേക്ക് എത്തിക്കുക തന്നെ ചെയ്തു.
തീർച്ചയായും, ജീവിതത്തിൽ പ്രതീക്ഷ കുറയുന്ന സമയങ്ങളുണ്ടാവാം. ജീവിതം അർത്ഥശൂന്യമെന്നും ഭാവിയെപ്പറ്റി ഒരു പിടിത്തവും കിട്ടാതെ പകച്ച് നിൽക്കുന്നവരുമുണ്ട്. ഇങ്ങനെ പകച്ച് നിന്നവരാണ് മനസ്സിലെ ഒരു പ്രതീക്ഷയുടെ വിത്തിനെ വെള്ളവും വളവും കൊടുത്ത് മരമാക്കി വിജയത്തിലേക്ക് എത്തിയവർ. ഈ സമയവും കടന്ന് പോവുമെന്ന ബീർബലിന്റെ വാചകം എത്ര മനോഹരമാണ്. പ്രതീക്ഷ നൽകാൻ ഇതിലും മികച്ച വാക്കുകളില്ല. മനുഷ്യനിലെ ഒരു അടിസ്ഥാനഘടകമാണ് പ്രതീക്ഷ. മനുഷ്യന്റെ തളർച്ചയിലും വളർച്ചയിലും നിഴൽ പോലെ കൂടെയുണ്ടായിട്ടും ആരെങ്കിലും പ്രതീക്ഷയെ വേണ്ടത്ര പരിഗണിക്കുന്നുണ്ടോ?