കൗൺസിലിംങ് എന്ത് കൊണ്ട്?
കൗൺസിലറിനെ കാണാൻ പോകുന്നവരെല്ലാം മാനസികരോഗമുള്ളവരാണെന്നും കൗൺസിലറിനെ സമീപിക്കുന്നത് നാണക്കേടാണെന്ന ധാരണ മലയാളികളുടെ മനസ്സിൽ നിന്ന് മാറിത്തുടങ്ങിയിരിക്കുന്നു.
കൗൺസിലിംങ് എല്ലാവർക്കും അത്യാവശ്യമായ കാര്യമാണെന്നും അതിൽ മോശമൊന്നുമില്ലെന്ന് ഇപ്പോൾ മലയാളികൾ അംഗീകരിക്കുന്നുണ്ട്. എല്ലാ വ്യക്തികളും പല രീതിയിലുളള പ്രശ്നങ്ങൾ നേരിടുന്നവരാണ്. മാനസിക സങ്കർഷങ്ങൾ സ്വാഭാവികമാണ്.
സങ്കർഷങ്ങളെ മറികടക്കാൻ മറ്റുളളവരുടെ സഹായം തേടുന്നതിൽ ഒരു തെറ്റുമില്ല. പ്രശ്നങ്ങളെപ്പറ്റി മനസ്സ് തുറന്ന് സംസാരിക്കാൻ പലർക്കും സാധിക്കാറില്ല. മനസ്സ് തുറന്ന് സംസാരിക്കാൻ വിശ്വസ്തമായ ആളുകൾ ഇല്ലാത്തത് കൊണ്ടും തന്റെ മനസ്സിലുളള കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ മറ്റുളളവർ തന്നെ പറ്റിയെന്ത് വിചാരിക്കുമെന്ന ആകുലത കാരണം മിക്കവരും പ്രശ്നങ്ങൾ മറ്റുള്ളവരോട് തുറന്ന് പറയാറില്ല.
തന്റെ പ്രശ്നങ്ങൾ ഒരാളോട് പറഞ്ഞതിന് ശേഷം താൻ പറഞ്ഞ കാര്യങ്ങൾ അവർ മറ്റുളളവരോട് പറയുമോ എന്ന് വേവലാതിപ്പെടുന്നവരും ചുരുക്കമല്ല. കൗൺസിലിംങിൽ ഇങ്ങനെയുള്ള വേവലാതികളുടെ ആവശ്യമില്ല. ഒരു കൗൺസിലർ ഒരിക്കലും നിങ്ങൾ പറയുന്ന കാര്യങ്ങൾ പുറത്ത് പറയുകയോ നിങ്ങളെ മോശമായ രീതിയിൽ വിലയിരുത്തുകയോ ചെയ്യില്ല.
എന്തും തുറന്ന് പറയാനുള്ളൊരു ആശ്വാസ മേഖല സൃഷ്ടിക്കുകയും എല്ലാ കാര്യങ്ങളെയും സമാനുഭാവത്തോടെയും ഒരു വിലയിരുത്തലുമില്ലാതെ നിങ്ങളെ കേൾക്കുകയാണ് ഒരു കൗൺസിലർ ചെയ്യുന്നത്. നിങ്ങളുടെ ആശയക്കുഴപ്പങ്ങളെ മാറ്റുകയും പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്താൻ സഹായിച്ച് മനസ്സിനെ ശാന്തമാക്കുകയുമാണ് കൗൺസിലിംങിലൂടെ കൗൺസിലർ ചെയ്യുന്നത്.
പ്രശ്നങ്ങളനുസരിച്ച് കൗൺസിലിംങിന്റെ കാലയളവ് വ്യത്യസ്തപ്പെടും. മാനസിക സംഘർഷങ്ങളുണ്ടാവുമ്പോൾ കൗൺസിലറിനെ കാണുന്നത് ഉചിതമായ തീരുമാനമാണ്.